
ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ തമിഴ്നാട്ടിൽ മരിച്ചു. നാഗപട്ടണം സ്വദേശിയായ കല്യാണസുന്ദരമാണ് ചികിത്സയിലിരിക്കെ മരിച്ചത്. നാഗപട്ടണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു നാൽപ്പത്തഞ്ചുകാരനായ കല്യാണസുന്ദരം.
ഈ മാസം 10-ാം തീയതിയാണ് കല്യാണസുന്ദരത്തിന് പൊള്ളലേറ്റത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിനെതിരെ നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ട്രംപിന്റെ കോലം കത്തിക്കുകയായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. ട്രംപിന്റെ കോലം കത്തിക്കുന്നതിനായി പെട്രോൾ ഉപയോഗിച്ചപ്പോൾ തീ കല്യാണസുന്ദരത്തിന്റെ ശരീരത്തിലേക്കും പടർന്നുപിടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം കല്യാണസുന്ദരത്തെ തഞ്ചാവൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു, എങ്കിലും ഗുരുതര അവസ്ഥയാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.











